Wednesday, November 24, 2010

ഒരു ആമുഖം !

മുഖം എന്നത് പരന്ന ഒരു പ്രതലമായി ചെറുതാക്കി കാണാമെങ്കിലും , ഒരു കാഴ്ച്ചയിലും ഒരു മുഖവും ഒതുങ്ങുന്നില്ലെന്നാണ് അനുഭവം. കാഴ്ച്ചക്കപ്പുറം മുഖം വീതിയിലും, നീളത്തിലും, ആഴത്തിലും, ഉയരത്തിലും വിചിത്രപ്രതല രൂപങ്ങളാര്‍ജ്ജിച്ച് അനന്തതയിലേക്ക് പരന്നൊഴുകുന്ന നൈരന്തര്യത്തിന്റെ ഏതെങ്കിലും ഒരു ദൃശ്യം മാത്രമാണ് നാം ജീവിതകാലം മുഴുവന്‍ തപസ്സിരുന്നു വരച്ചാലും സാക്ഷാത്ക്കരിക്കപ്പെടുക. ആ സാക്ഷാത്ക്കാരത്തില്‍ അന്യമുഖങ്ങളുടെ പ്രതിഫലനങ്ങള്‍ പോലും നമ്മുടെ മുഖങ്ങളില്‍ നിന്ന് ഇഴപിരിച്ച് വേര്‍പ്പെടുത്താനാകാത്തവിധം അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും. എങ്കിലും, ജീവിതത്തിന്റെ ആവൃത്തികളും സ്പന്ദനങ്ങളും വിരല്‍പ്പാടുകളും കാലത്തിന്റെ ചുവരുകളില്‍ രേഖപ്പെടുത്തുക എന്നത് ജീവിക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങള്‍ കൂടിയാകുന്നു.  ഏതൊരു മുഖവും അതിന്റെ ഭാഗമാകണം.... ഭാഗമാണ്.